ഒഴിപ്പിക്കലിനുള്ള സമയപരിധി നീട്ടാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആവശ്യപ്പെട്ടേക്കും
അഫ്ഗാനിസ്ഥാനിൽ നിന്ന് ഓഗസ്റ്റ് 31 ന് മുൻപ് ആളുകളെ ഒഴിപ്പിക്കാനുള്ള പടിഞ്ഞാറൻ സൈന്യത്തിന്റെ ശ്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.ഇന്ന് ചേരാനിരിക്കുന്ന ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു എസ് തുടങ്ങിയ ജി സെവൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഒഴിപ്പിക്കലിനുള്ള സമയപരിധി നീട്ടാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആവശ്യപ്പെട്ടേക്കും.
കഴിഞ്ഞ 10 ദിവസങ്ങളിലായി വിവിധ രാജ്യങ്ങൾ ഏകദേശം 58,700 പേരെ ഒഴിപ്പിച്ചിരുന്നു . ഓഗസ്റ്റ് 31 നു മുൻപ് ഒഴിപ്പിക്കൽ പൂര്ണമാക്കാൻ ഓരോ വിദേശ സേനാംഗവും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്നു നാറ്റോ നയതന്ത്രജ്ഞൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
മേഖലയിൽ നിന്നുള്ള ഒഴിപ്പിക്കൽ കഠിനവും ദുഷ്കരവുമാണെന്നു വ്യക്തമാക്കിയ യു എസ് പ്രസിഡന്റ് ജോ ബൈഡൻ സമയപരിധിക്കപ്പുറവും യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ തുടരുമെന്ന് ആവർത്തിച്ചു.
സമയപരിധി നീട്ടി നൽകില്ലെന്ന് താലിബാൻ വ്യക്തമാക്കിയിട്ടും ഇതുമായി ബന്ധപ്പെട്ടു വിദേശ രാജ്യങ്ങൾ യാതൊരു അന്വേഷണവും നടത്തിയില്ലെന്നു ബൈഡൻ കുറ്റപ്പെടുത്തി.
അതേസമയം യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ ഡയറക്ടർ വില്യം ബേൺസ് കഴിഞ്ഞ ദിവസം കാബൂളിൽ വെച്ച് താലിബാൻ നേതാവ് അബ്ദുൾ ഗനി ബരാദറിനെ കണ്ടതായി രണ്ട് യുഎസ് വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇനിയും ഒഴിപ്പിക്കാനുള്ള അമേരിക്കക്കാരുടെ കണക്കെടുക്കുമ്പോൾ സമയപരിധിക്കുള്ളിൽ അത് സാധ്യമാകില്ല എന്നാണ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ഇന്റലിജൻസ് കമ്മിറ്റി ചെയർമാനായ ഡെമോക്രാറ്റിക് യുഎസ് പ്രതിനിധി ആദം ഷിഫ് റയുന്നത്.
സമയപരിധി കഴിഞ്ഞും പൗരന്മാരെ ഒഴിപ്പിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെൻ വാലസ് പ്രതികരിച്ചത്. ഇത് സംബന്ധിച്ചു ഉറപ്പു വരുത്തുമെന്നു ജർമ്മൻ വിദേശകാര്യ മന്ത്രി ഹൈക്കോ മാസ് പറഞ്ഞു.