തകർന്ന് വീണത് വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്റ്റർ; റാവത്തിനൊപ്പം ഭാര്യയും മരണപ്പെട്ടു. 14 യാത്രക്കാരിൽ 13 പേരുടെയും മരണം സ്ഥിരീകരിച്ചു.
ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്റ്റർ ഉച്ചയ്ക്ക് 12.20നാണു തകർന്നുവീണത്. ലാൻഡ് ചെയ്യേണ്ട ഹെലിപാഡിന് 10 കിലോമീറ്റർ മുൻപാണ് അപകടമുണ്ടായത്. ജനവാസ കേന്ദ്രത്തിനു സമീപമാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഊട്ടി പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. അപകടം സംബന്ധിച്ച് അന്വേഷണം നടത്താൻ വ്യോമസേന ഉത്തരവിട്ടു.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാവത്തിനൊപ്പം ഭാര്യയും മരണപ്പെട്ടു. 14 യാത്രക്കാരിൽ 13 പേരുടെയും മരണം സ്ഥിരീകരിച്ചു.വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് വിവരം. ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങ് വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികില്‍സയിലാണ്. വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികില്‍സയിലാണ്. വെല്ലിങ്ടണ്‍ സൈനിക കോളജ് ഉദ്യോഗസ്ഥനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ.
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച കുറവായതിനാലാണ് ഹെലികോപ്ടർ വനമേഖലയിൽ തകർന്നുവീണതെന്നും റിപ്പോർട്ടുണ്ട്. റാവത്തിന്റെ മൃത ദേഹം നാളെ ഡൽഹിയിൽ എത്തിക്കും.
ആദ്യ സംയുക്ത സൈനിക മേധാവിയെയാണ് ബിപിൻ റാവത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായത്.2019 ഡിസംബർ 30-നാണ് അദ്ദേഹം ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്. ആദ്യത്തെ സിഡിഎസ് കലാപവിരുദ്ധ യുദ്ധത്തിൽ പരിചയസമ്പന്നനായിരുന്നു അദ്ദേഹം.
പാക് അധീന കശ്മീരിലടക്കം രാജ്യം കണ്ട ഏറ്റവും പ്രധാന സൈനിക ഓപ്പറേഷനുകൾക്കെല്ലാം ചുക്കാൻ പിടിച്ച സേനകളുടെ തലവനായിരുന്നു ബിബിന്‍ റാവത്ത്. ഇന്ത്യൻ സൈന്യത്തിന്‍റെ ധീരമുഖമായിരുന്നു ജനറൽ ബിപിൻ റാവത്ത്. 1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിൾസിൽ സെക്കന്‍റ് ലെഫ്നന്‍റായാണ് അദ്ദേഹത്തിന്റെ തുടക്കം. 2014 ജൂണ്‍ ഒന്നിന് ലെഫ്നൻ്റ് ജനറലായി. ജമ്മുകശ്മീരിലെ നിര്‍ണായക സൈനിക നീക്കങ്ങൾ നടന്ന രണ്ട് വര്‍ഷം അദ്ദേഹമായിരുന്നു കരസേനാ മേധാവി.
ജമ്മുകശ്മീരിലെ 370 അനുഛേദം റദ്ദാക്കിയ ശേഷം ഭീകരവാദത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങൾ ശക്തമാക്കാൻ ജനറൽ റാവത്ത് നേതൃത്വം നൽകി. ഗൽവാൻ താഴ്വരയിലെ ചൈനയുടെ പ്രകോപനത്തെ ധീരമായി നേരിടാനും സൈന്യത്തെ പ്രാപ്തമാക്കിയത് ബിപിൻ റാവത്താണ്. പരംവിശിഷ്ട സേവാ മെഡൽ ഉൾപ്പടെ നിരവധി സൈനിക പുരസ്കാരങ്ങൾ റാവത്തിനെ തേടിയെത്തിയിട്ടുണ്ട്. മാസ്റ്റര്‍ ഓഫ് സര്‍ജിക്കല്‍ സ്ട്രൈക്സ് എന്നാണ് ദേശീയ മാധ്യമങ്ങൾ റാവത്തിനെ വിശേഷിപ്പിച്ചിരുന്നത്.
രാജ്യത്തിന് നഷ്ടമായത് ധീര പുത്രനെയാണെന്നു രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി . നീണ്ട നാല് പതിറ്റാണ്ടുകൾ മാതൃരാജ്യത്തിനായി അദ്ദേഹം നിസ്വാർത്ഥ സേവനം നടത്തി. അസാധാരണമായ ധീരതയും വീരത്വവും കൊണ്ടാവും അദ്ദേഹം തൻ്റെ സേവനകാലം അടയാളപ്പെടുത്തുക എന്നും രാഷ്‌ട്രപതി പറഞ്ഞു.
ഉറച്ച ദേശ സ്നേഹിയും ഉജ്വലനായ സൈനികനുമായിരുന്നു ബിപിൻ റാവത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അറിവും ഉൾക്കാഴ്ചയും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വേദന വളരെ വലുതാണ്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന നിലയിൽ, പ്രതിരോധസേനകളുടെ പരിഷ്കരണമടക്കം നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുമായി ജനറൽ റാവത്ത് സഹകരിച്ചു. കരസേനയിലെ ദീർഘകാലത്തെ പ്രവർത്തന പരിചയവുമായാണ് അദ്ദേഹം സംയുക്ത സൈനികമേധാവി സ്ഥാനത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
നികത്താനാകാത്ത നഷ്ടമെന്നു പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് അനുശോചിച്ചു.
അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നൊരു ദുരന്തമാണിതെന്നും ഈ പരീക്ഷണവേളയിൽ റാവത്തിന്റെ കുടുംബത്തോടൊപ്പം ചേരുന്നുവെന്നു രാഹുൽ ഗാന്ധി കുറിച്ചു . അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും അനുശോചനം രേഖപ്പെടുത്തുന്നതായും ഈ ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
രാജ്യത്തിൻറെ ദുഖത്തിനൊപ്പം ചേരുന്നുവെന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.