ഉക്രെയ്നെ പിന്തുണയ്ക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നു സ്റ്റോൾട്ടൻബെർഗ്
അന്താരാഷ്ട്ര സമാധാന സേനയെ ഉക്രെയ്നിലേക്ക് അയക്കാനുള്ള പോളിഷ് നിർദ്ദേശത്തെ റഷ്യ ബുധനാഴ്ച അപലപിച്ചു റഷ്യ . റഷ്യൻ-നാറ്റോ സേനകൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇത് കാരണമാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
അടുത്ത നാറ്റോ ഉച്ചകോടിയിൽ ഉക്രെയ്നിലെ സമാധാന ദൗത്യത്തിനുള്ള നിർദ്ദേശം ഔദ്യോഗികമായി സമർപ്പിക്കുമെന്ന് പോളണ്ടിന്റെ ഭരണകക്ഷി നേതാവ് ജറോസ്ലാവ് കാസിൻസ്കി കഴിഞ്ഞ വെള്ളിയാഴ്ച യാണ് വ്യക്തമാക്കിയത്. എന്നാൽ അപകടകരമായ തീരുമാനമാണ് ഇതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും പോളണ്ടിന്റെ നിർദ്ദേശത്തെ തള്ളിക്കളഞ്ഞു .റഷ്യയും നാറ്റോ സായുധ സേനയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കരുത് എന്നാണ് സെർജി ലാവ്റോവ് ഉൾപ്പടെയുള്ള നേതാക്കൾ മുന്നറിയിപ്പ് നൽകുന്നത്.
അതെ സമയം രാജ്യത്തിന്റെ ചില ഭാഗങ്ങൾ തിരിച്ചുപിടിക്കാൻ ഉക്രേനിയൻ സൈനികർ റഷ്യൻ സൈന്യത്തിനെതിരെ വിജയകരമായി പോരാടുകയാണെന്ന് പെന്റഗൺ റിപോർട്ട് ചെയ്യുന്നു.
ഇതിനിടെ ജോ ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ചു.ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം ക്രൂരമാണെന്നും സാധാരണ മനുഷ്യർ നേരിടുന്ന പ്രയാസങ്ങൾ വിവരിക്കാൻ സാധിക്കുന്നതിനും അപ്പുറമാണെന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിനാൽ തന്നെ ഉക്രെയ്നെ പിന്തുണയ്ക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.
അതോടൊപ്പം ഈ യുദ്ധം ഉക്രെയ്നിനപ്പുറം വർദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നാറ്റോയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.