
24 മണിക്കൂറിനിടെ രാജ്യത്ത് 459 പേര് കൂടി മരിച്ചതോടെ, ആകെ കോവിഡ് മരണം 1,62,927 ആയി ഉയര്‍ന്നു.
ഇന്ത്യയിൽ കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. ഇന്നലെ മാത്രം എഴുപതിനായിരത്തിലേറെ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ, 72,330 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് മരണവും ഉയര്‍ന്നു. ഇന്നലെ 459 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.
24 മണിക്കൂറിനിടെ രാജ്യത്ത് 459 പേര് കൂടി മരിച്ചതോടെ, ആകെ കോവിഡ് മരണം 1,62,927 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറെ ഗുരുതരമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 39,544 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 28,12,980 ആയി.
ഇന്നലെ മാത്രം 227 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,549 ആയി ഉയര്‍ന്നു. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് രാജ്യത്ത് ഇന്ന് ആരംഭിക്കും. രാജ്യത്ത് ഇതുവരെ 6,51,17,896 പേര്‍ക്ക് വാക്സിനേഷന് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.