നൂതന പരിശീലന പരിപാടികൾ, വിജ്ഞാന കൈമാറ്റം, സംയുക്ത പ്രൊഫഷണൽ വികസന സംരംഭങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാന ലക്‌ഷ്യം
സുരക്ഷാ പരിശീലനത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ അബുദാബി പോലീസും ഈജിപ്ത് ആഭ്യന്തര മന്ത്രാലയവും ഒപ്പ് വച്ചു. നൂതന പരിശീലന പരിപാടികൾ, വിജ്ഞാന കൈമാറ്റം, സംയുക്ത പ്രൊഫഷണൽ വികസന സംരംഭങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാന ലക്‌ഷ്യം. ഇരു വിഭാഗങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും ഇതിലൂടെ ലക്‌ഷ്യം വക്കുന്നു.
അബുദാബി പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷരീഫിയും, ഈജിപ്ത് ആഭ്യന്തര വിഭാഗം ജനറൽ സെക്യൂരിറ്റി സഹ മന്ത്രി മേജർ ജനറൽ മഹ്മൂദ് അബു ഒംറയും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പ് വച്ചത്. വർക്ക് ഷോപ്പുകളിലും കോൺഫറൻസുകളിലും ഇരു വിഭാഗവും സംയുക്തമായി പങ്കെടുക്കും.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഈജിപ്തിൻ്റെ പ്രതിബദ്ധത മേജർ ജനറൽ അബു ഒംറ ചൂണ്ടിക്കാട്ടി. അത്യാധുനിക പരിശീലന സാങ്കേതിക വിദ്യകൾ സമന്വയിപ്പിക്കുന്നതിലും പുതിയ സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കുന്നതിലും അബുദാബി പോലീസ് കൈവരിച്ച പുരോഗതി കൂടിക്കാഴ്ചയിൽ മേജർ ജനറൽ അൽ ഷരീഫി എടുത്തുപറഞ്ഞു.