എംബസികളിലും പൊതു-സ്വകാര്യ മേഖലാ ഓഫീസുകളിലും ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തി കെട്ടും
എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ യിൽ ദുഃഖാചരണം. എംബസികളിലും പൊതു-സ്വകാര്യ മേഖലാ ഓഫീസുകളിലും ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് യുഎഇ അറിയിച്ചു.സെപ്റ്റംബർ 12 വരെ പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡൻഷ്യൽ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദരാഞ്ജലികൾ അർപ്പിച്ചു.രാജ്ഞിയുടെ കുടുംബത്തിനും യുകെയിലെ ജനങ്ങൾക്കും അദ്ദേഹം അനുശോചനം അറിയിച്ചു. എലിസബത്ത് രാജ്ഞി യുഎഇയുടെ അടുത്ത സുഹൃത്തും ഏറെ ബഹുമാനിക്കപ്പെടുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജ്യത്തെ സേവിക്കുന്നതിനുള്ള അശ്രാന്ത പ്രതിബദ്ധതയാണ് അവരുടെ നീണ്ട കാലത്തെ ഭരണത്തിന്റെ സവിശേഷതയെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിൽ കുറിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
തന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും മികച്ച ഗുണങ്ങളെ പ്രതിനിധീകരിച്ച ആഗോള ഐക്കണാണ് എലിസബത്ത് രാജ്ഞിയെന്നും രാജ്ഞിയുടെ വേർപാടിൽ യുഎഇ ലോകത്തിന്റെ ദുഃഖത്തോടൊപ്പം
ചേർന്നുനിൽക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തന്റെ രാജ്യത്തോടുള്ള രാജ്ഞിയുടെ അവിശ്വസനീയമായ സേവനവും കടമയുംആധുനിക ലോകത്ത് സമാനതകളില്ലാത്തതാണെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.