
പരമാവധി 200 പേർക്ക് പങ്കെടുക്കാം. എന്നാൽ വീടുകളിൽ പരമാവധി 30 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.
സർക്കാർ നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വിവാഹങ്ങളും പൊതുചടങ്ങുകളും സംഘടിപ്പിക്കാമെന്ന് ദുബായ്. എല്ലാവർക്കും ഉത്തരവാദിത്വമുണ്ട് എന്ന ബോധ്യത്തോടെ വേണം ചടങ്ങുകൾ സംഘടിപ്പിക്കാനും അതിൽ പങ്കെടുക്കാനുമെന്നാണ് അധികൃതർ നൽകുന്ന ഓർമ്മപ്പെടുത്തൽ. ഹോട്ടലുകളിലോ ഹാളിലോ നടത്തുന്ന പരിപാടികളിൽ പരമാവധി 200 പേർക്ക് പങ്കെടുക്കാം. എന്നാൽ വീടുകളിൽ പരമാവധി 30 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. ഹസ്തദാനം നടത്തുകയോ ആശ്ലേഷിക്കുകയോ ചെയ്യരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഓർമ്മപെടുത്തുന്നുണ്ട്. എല്ലായ്പ്പോഴും മാസ്ക് ധരിച്ചിരിക്കണം. ഒരു തീൻ മേശക്ക് ചുറ്റും പരമാവധി 5 പേരെ പാടുള്ളൂ. ഓരോ തീൻമേശയും തമ്മിൽ രണ്ടു മീറ്റർ അകലമുണ്ടായിരിക്കണം. ഹോട്ടലുകളിലോ ഹാളിലോ നടത്തുന്ന പരിപാടികൾക്ക് നാലുമണിക്കൂറിൽ കൂടുതൽ ദൈർഘ്യം പാടില്ല. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കും. സംഘാടകർക്ക് 50000 ദിർഹവും പങ്കെടുക്കുന്നവർക്ക് 15000 ദിർഹവുമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.