കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ രക്ഷപ്പെട്ടെന്നും ദുബായ് പോലീസ്
ദുബായിലെ അൽ ജദ്ദാഫ് ഏരിയയിലെ ഡോക്ക് സൈഡിൽ നിന്ന് കാർ വെള്ളത്തിലേക്ക് വീണു .
വാഹനം അരികിൽ നിന്ന് തെന്നിമാറി പാർക്ക് ചെയ്തിരുന്ന യാച്ചിൽ ഇടിച്ച് മറിഞ്ഞ് കടൽത്തീരത്ത് പതിക്കുകയായിരുന്നുവെന്നും എന്നാൽ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ രക്ഷപ്പെട്ടെന്നും ദുബായ് പോലീസ് അറിയിച്ചു. രണ്ട് പേരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . തുറമുഖ പോലീസ് സ്‌റ്റേഷനിലെ മുങ്ങൽ വിദഗ്‌ധരാണ് കാർ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.
കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിന് അപകടത്തിൻ്റെ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് മറൈൻ റെസ്ക്യൂ ടീമുകൾ, മാരിടൈം സെക്യൂരിറ്റി യൂണിറ്റുകൾ, പ്രാദേശിക പട്രോളിംഗ് ടീം ഉടൻ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു എന്ന് പോർട്ട്സ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു. വാഹനം മുങ്ങൽ വിദഗ്ധർ പുറത്തെടുത്തു.
പതിവ് വാഹന അറ്റകുറ്റപ്പണികളുടെയും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൻ്റെയും പ്രാധാന്യം മറൈൻ റെസ്ക്യൂ വിഭാഗം മേധാവി ക്യാപ്റ്റൻ അബ്ദുൾ റഹ്മാൻ ബുർഗുയിബ ചൂണ്ടിക്കാട്ടി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടിയന്തര സാഹചര്യങ്ങളിൽ, പൊതുജനങ്ങൾ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുമായി 999 എന്ന നമ്പറിലും അടിയന്തരമല്ലാത്ത സാഹചര്യങ്ങളിലെ ആവശ്യങ്ങൾക്ക് 901 എന്ന നമ്പറിലും ബന്ധപ്പെടാമെന്ന് അധികൃതർ നിർദ്ദേശിച്ചു.