ക്രിപ്‌റ്റോ കറൻസി ട്രേഡിംഗ് പ്രലോഭനങ്ങളിൽ വീഴരുത്; ജാഗ്രതാ നിർദ്ദേശം നൽകി അബുദാബി പോലീസ്

ഫാസ്റ്റ് മണി വാഗ്ദാനം ചെയ്യുന്ന ഓഫറുകളിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ്

ക്രിപ്‌റ്റോ കറൻസി ട്രേഡിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യത്തെക്കുറിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.ഫാസ്റ്റ് മണി വാഗ്ദാനം ചെയ്യുന്ന ഓഫറുകളിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
ക്രിപ്‌റ്റോ കറൻസി ട്രേഡിംഗ് കമ്പനികളോ പ്ലാറ്റ്‌ഫോമുകളോ ആണെന്ന് അവകാശപ്പെടുന്ന വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ പങ്കിടാനോ പണം അയയ്ക്കാനോ സ്വീകരിക്കാനോ പാടില്ലെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദിയാണ്  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചത്. ക്രിപ്റ്റോകറൻസി ട്രേഡ് ചെയ്യുന്നതിലൂടെ ഗണ്യമായ തുക സമ്പാദിക്കുമെന്ന് പരസ്യങ്ങളിലൂടെ വാഗ്ദാനം നൽകി നിരവധി തട്ടിപ്പുകാർ ആളുകളെ വഞ്ചിക്കുന്നുണ്ടെന്നും പരിരക്ഷിക്കപ്പെടാത്ത വെർച്വൽ യൂണിറ്റുകളായ ക്രിപ്റ്റോകറൻസികൾ ആളുകൾ വാങ്ങുകയോ വ്യാപാരം നടത്തുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.ക്രിപ്‌റ്റോകറൻസികളുടെ വിലയിലെ ഗണ്യമായ ചാഞ്ചാട്ടവും അദ്ദേഹം ഉയർത്തിക്കാട്ടി. നിക്ഷേപകരെ സംരക്ഷിക്കുന്നത് അസാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് മുഴുവൻ സമൂഹത്തിനും മുന്നറിയിപ്പ് നൽകാനുള്ള അബുദാബി പോലീസിന്റെ താൽപര്യം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ റാഷിദ് ഖലഫ് അൽ ധഹേരി ഉയർത്തിക്കാട്ടി.  ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ നേരിടാൻ പ്രസക്തമായ എല്ലാ പോലീസ് വകുപ്പുകളും തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം പരസ്യങ്ങളെക്കുറിച്ചു ടോൾഫ്രീ നമ്പറായ 8002626 എന്ന നമ്പറിലോ 2828ലൂടെ സന്ദേശം അയച്ചോ ജനങ്ങൾ സഹരിക്കണമെന്നു  അബുദാബി പോലീസ് അറിയിച്ചു. 

More from UAE