![](https://mmo.aiircdn.com/265/6075aae531dc9.jpg)
ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന് ഇന്ന് 72 ആം പിറന്നാൾ.
യു എ ഇ വൈസ് പ്രെസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന് ഇന്ന് 72 ആം പിറന്നാൾ. ദുബായിലെ സ്വദേശികളും വിദേശികളും ഉൾപ്പടെ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ യു എ ഇ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചു.
1949 July 15ന് ദുബായ് ക്രീക്കിനടുത് ഷിന്ദഗയിലെ അൽ മക്തും കുടുംബത്തിലാണ് ഷെയ്ഖ് മുഹമ്മദിന്റെ ജനനം. ദുബായ് ഭരണാധികാരി ആയി ചുമതലയേറ്റെടുത്ത് മുതൽ രാജ്യത്തെ ലോകത്തു ഒന്നാമതെത്തിക്കുന്നതിൽ നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു ഷെയ്ഖ് മുഹമ്മദ് . ലോകരാജ്യങ്ങളുമായി സമാധാനത്തോടെയും സഹവർത്തിത്തത്തോടെയും മുന്നോട്ട്പോകാൻ അദ്ദേഹം മുന്നോട്ട് വെച്ചിട്ടുള്ള നിലപടുകൾ ശ്രദ്ധേയമാണ്. ദുബൈയെ ലോകരാജ്യങ്ങൾക്ക് മുന്നിൽ എന്നും വിസ്മയമായി നിർത്തുന്നതിലും, സുരക്ഷിത രാജ്യമായി നിലനിർത്തുന്നതിലും ഷെയ്ഖ് മുഹമ്മദിന്റെ ദീര്ഘ വീക്ഷണത്തിനും ആശയങ്ങൾക്കും സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകളും രാജ്യത്തെയും ജനങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകളും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.
ഷെയ്ഖ് മുഹമ്മദ് മുന്നോട്ട് വച്ച 100 ദശലക്ഷം ഭക്ഷണം ക്യാമ്പയിൻ ലോക ശ്രദ്ധ നേടിയ ഒന്നാണ്. മധ്യപൂർവദേശം, ആഫ്രിക്ക,ഏഷ്യൻ രാജ്യങ്ങളിലാണ് ഷെയ്ഖ് മുഹമ്മദിന്റെ നിർദ്ദേശാനുസരണം ഭക്ഷണം വിതരണം ചെയ്തത്. സുഡാൻ, ലബനൻ, ജോർദാൻ,പാക്കിസ്ഥാൻ, അങ്കോള, ഉഗാണ്ട, ഇൗജിപ്ത് എന്നിവിടങ്ങളിലും ഭക്ഷണം എത്തിച്ചു. മനുഷ്യത്വത്തിന് യുഎഇ നൽകുന്ന ഏറ്റവും മഹത്തായ സംഭാവനയാണ് ഭക്ഷണപ്പൊതികളെന്നായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ വാക്കുകൾ. ഈ കാഴ്ചപ്പാടാണ് അദ്ദേഹത്തെ മറ്റ് ലോകനേതാക്കളിൽ വ്യത്യസ്തനാക്കുന്നത്.
72ആം പിറന്നാൾ ആഘോഷിക്കുമ്പോഴും ലോകത്തെ ബാധിച്ച കോവിഡ് മഹാമാരിക്ക് മുന്നിൽ പതറാതെ മറ്റു രാജ്യങ്ങൾക്ക് വേണ്ട സഹായം നല്കുന്നതിലും എക്സ്പോ 2020 വിജയകരമാക്കുന്നതിനും വേണ്ട പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുകയാണ് ഷെയ്ഖ് മുഹമ്മദ്.