വെള്ളിയാഴ്ച പൂർണ്ണ അവധി നൽകി ഷാർജ
യുഎ ഇ സർക്കാർ പ്രഖ്യാപിച്ച പുതിയ പ്രവൃത്തി ദിനം 2022 ജനുവരി 1 മുതൽ ഷാർജയിലെ സർക്കാർ സ്ഥാപനങ്ങളും പിന്തുടരും.എന്നാൽ വെള്ളിയാഴ്ച പൂര്‍ണ്ണ അവധി നല്‍കാനാണ് ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗൺസിലിന്റെ തീരുമാനം. ഇതോടെ ഷാര്‍ജ എമിറേറ്റിൽ ആഴ്ചയില്‍ മൂന്ന് ദിവസം അവധിയായിരിക്കും. അതായത് ഷാര്‍ജയില്‍ വെള്ളി, ശനി, ഞായർ എന്നിവ പുതിയ വാരാന്ത്യമായി മാറും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെയായിരിക്കും പ്രവർത്തന സമയമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പുതിയ വാരാന്ത്യത്തോടനുബന്ധിച്ച് റാസൽഖൈമയിലെയും ഫുജൈറയിലെയും സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ ആയിരിക്കും. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12:00 വരെയും ആയിരിക്കുമെന്നു രണ്ട് വടക്കൻ എമിറേറ്റുകളിൽ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മാറ്റങ്ങൾ 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. അതായത് 2022 ജനുവരി 2 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കും. നിലവിൽ രണ്ട് എമിറേറ്റുകളിലെയും സർക്കാർ സ്ഥാപനങ്ങൾക്ക് ഇത് ബാധകമാണ്.
അതേസമയം ചട്ടങ്ങൾക്കനുസൃതമായി ഫ്ലെക്സിബിൾ, റിമോട്ട് വർക്ക് സിസ്റ്റങ്ങൾ നിലനിൽക്കും.
ആഗോള വിപണികളുമായി എമിറേറ്റ്സിനെ മികച്ച രീതിയിൽ വിന്യസിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു എ ഇ സർക്കാർ രാജ്യത്ത് അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ആഴ്ചയിൽ നാലര ദിവസംമാത്രമുള്ള പ്രവർത്തി ദിനം പ്രഖ്യാപിച്ചത്.