ഉക്രൈനില്‍ നിന്നും മടങ്ങിവന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനം സംബന്ധിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ നിര്‍ദ്ദേശാനുസരണം മാത്രമേ തുടര്‍ തീരുമാനം കൈക്കൊള്ളാനാവൂ.
യുദ്ധത്തെത്തുടര്‍ന്ന് ഉക്രൈനില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സത്വരവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി.കെ. ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വിവിധ കോഴ്സുകളില്‍ വ്യത്യസ്ത സെമസ്റ്ററുകളിലായി പഠനം നടത്തി വരവെ യുദ്ധത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണ്. സര്‍ട്ടിഫിക്കറ്റുകളും മറ്റു വിലപ്പെട്ട രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും പഠനം തുടരാനും കഴിയുന്ന സാഹചര്യം ഒരുക്കേണ്ടതുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. ഇതിനായി അടുത്ത സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഉക്രൈനില്‍ നിന്നും മടങ്ങിവന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനം സംബന്ധിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ നിര്‍ദ്ദേശാനുസരണം മാത്രമേ തുടര്‍ തീരുമാനം കൈക്കൊള്ളാനാവൂ. കോവിഡ് മഹാമാരി, യുദ്ധം തുടങ്ങിയ അസാധാരണവും നിര്‍ബന്ധിതവുമായ സാഹചര്യങ്ങളില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യാതെയോ പൂര്‍ത്തിയാക്കാതെയോ തിരിച്ചെത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിന് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്.