ഇന്ന് പുലർച്ചെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് മലബാർ എക്സ്പ്രസിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തി റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളിൽ നിന്ന് പെട്ടെന്ന് തന്നെ വേർപ്പെടുത്തി. അരമണിക്കൂറിനുള്ളിൽ തീയണക്കാൻ കഴിഞ്ഞു. തീപ്പിടിത്തമുണ്ടായ പാർസൽ ബോഗിയിൽ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകളിൽ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകൾ ലോഡ് ചെയ്യുമ്പോൾ പെട്രോൾ പൂർണമായും നീക്കംചെയ്യണമെന്നാണ് നിയമം. ഇതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
തീപിടിത്തവുമായി ബന്ധപ്പെട്ട് കാസർകോട് സ്റ്റേഷനിലെ പാർസൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാർസൽ ക്ലർക്കിനെയാണ് പാലക്കാട് ഡിവിഷൻ സസ്പെൻഡ് ചെയ്തത്.