സില്‍വര്‍ ലൈനിനു സ്ഥലമെടുക്കുമ്പോള്‍ വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുകയും ഒപ്പം 4.6 ലക്ഷം രൂപയും നല്‍കും.
സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ പുനരധിവാസ പാക്കേജിനായി 13,000 കോടി രൂപ ചെലവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമങ്ങളില്‍ വിപണി വിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാര തുകയായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ ആശങ്ക പരിഹരിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടാക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ അഞ്ഞൂറു മീറ്ററിലും മുറിച്ചുകടക്കാന്‍ അടിപ്പാതയോ മേല്‍പ്പാതയോ ഉണ്ടാവും. പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനമല്ല അതിവേഗ റെയില്‍പ്പാത. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുന്നതിനാല്‍ പ്രകൃതിക്കു നേട്ടമാവുകയാണ് ചെയ്യുക. ഇതു പ്രളയത്തിനു കാരണമാവും എന്നതെല്ലാം അടിസ്ഥാനമില്ലാത്ത പ്രചാരണമാണ്. നിലവിലെ റെയില്‍വേ ലൈന്‍ വികസിപ്പിച്ചാല്‍ സില്‍വര്‍ ലൈനിനു പകരമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈനിനു സ്ഥലമെടുക്കുമ്പോള്‍ വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുകയും ഒപ്പം 4.6 ലക്ഷം രൂപയും നല്‍കും. ഇതില്‍ താത്പര്യമില്ലാത്തവര്‍ക്ക് ലൈഫ് മാതൃകയില്‍ വീടും ഒപ്പം സ്ഥലവിലക്കൊപ്പം 1.6 ലക്ഷം രൂപയും നല്‍കും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ഉടമകള്‍ക്കു നല്‍കുക.